EmbeddedFont

കഥ: മുഹമ്മദ്‌ ജുനൈദ് മുട്ടിപ്പാലം

ഗ്ലാസ് ഡോറിനുള്ളിലൂടെ അവളുടെ ക്ഷീണിച്ച കണ്ണുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. അവളുടെ നരച്ച് പിഞ്ഞിയ ഫ്രോക്കും ചിതറിക്കിടക്കുന്ന തലമുടിയും എന്റെ ഓർമക്കൂടിൽ ഇടം പിടിച്ചുട്ടുണ്ടായിരുന്നു. ഏകദേശം രണ്ടാഴ്ച മുമ്പ് അവൾ ഇതേ പോലെ എന്റെ ആശുപത്രിയിൽ വന്നിരുന്നു. ആശുപത്രിയിൽ ഉള്ളവർ അറച്ച നോട്ടംഅവളിലേക്ക് ചൊരിയുന്നുണ്ടായിരുന്നപ്പോഴും അവളുടെ നിഷ്ക്കളങ്കമായ മുഖം എന്റെ മനസ്സിൽ വാത്സല്യം പടർത്തി. സന്ദർശന മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എന്റെ അരികിൽ വന്നു അവൾ പറഞ്ഞു :എന്റെ അമ്മക്ക് പനിയാണ്. ഒരു ഗുളിക തരോ. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. 'അമ്മഎവിടെ ''അമ്മക്ക് നടക്കാൻ വയ്യ ' 'എവിടെ നിന്റെ വീട്? 'അവളുടെ മുഖം താഴ്ന്നു പോയി. കുറഞ്ഞ സമയത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു'ഞങ്ങൾക്ക് വീടില്ല. ഞങ്ങൾ പണി പൂർത്തിയാകാത്ത ബസ്സ്റ്റാൻഡിൽ ആണ് താമസം '. പിന്നെ ഒന്നും  ചോദിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. വീട്ടിലേക്ക് മടങ്ങാനിരുന്ന ഞാൻ അവളെയും കാറിൽ കയറ്റി അവളുടെ അമ്മയുടെ അടുക്കലേക്ക് തിരിച്ചു. കാറിന്റെ വിന്ഡോക്കുള്ളിലൂടെ അവൾ ലോകത്തെ വീക്ഷിച്ചുകൊണ്ടിരുന്നു. കുറച്ച് കൊട്ടകൾ അടുക്കി വെച്ച ഒരു കെട്ടിടമുറിയിലേക്ക് ഞാൻ കയറി ചെല്ലുമ്പോൾ ചാക്ക് കൊണ്ട് മൂടിപ്പുതച്ചു ഒരു സ്ത്രീ കിടക്കുന്നത് കണ്ടു.അത് അവളുടെ അമ്മയാണ്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ അവൾ പിറകെ നിന്ന് എന്നെ വിളിച്ചു ഒരു പൂകൊട്ട എന്റെ കയ്യിൽ വെച്ചുതന്നു. എനിക്ക് നേരെ കൈകൂപ്പി നിന്നു. ഞാൻ എന്റെ പേഴ്സിൽ നിന്നും ഒരു 500രൂപ നോട്ട് എടുത്തു അവൾക്ക് നേരെ നീട്ടി. 'വല്ലതും വാങ്ങിച്ചു കഴിച്ചോളൂ'. ആദ്യം മടിച്ചു നിന്നെങ്കിലും അവളുടെ കുഞ്ഞു കരങ്ങൾ ആ നോട്ട് ആശചര്യത്തോടെ ഏറ്റു വാങ്ങി. ഞാനറിയാതെ എന്റെ കൺകോണിൽ കണ്ണുനീർ എത്തി നോക്കുന്നുണ്ടായിരുന്നു.
ഓർമ്മ പുസ്തകം മടക്കി വെച്ച് ഞാൻ നഴ്സിനോട്‌ അവളെ വിളിക്കാൻ പറഞ്ഞു. അവൾ മടിച്ചു മടിച്ചു എന്റെ റൂമിലേക്ക് വന്നു. അവളുടെ കണ്ണുകളിൽ നിസ്സാഹായതയും ക്ഷീണവും തളം കെട്ടിക്കിടക്കുന്നുണ്ട്.'അമ്മക്ക് എങ്ങനെയുണ്ട്'അവൾ എന്റെ കണ്ണുകളിലെക്ക് ഉറ്റു നോക്കി.'അമ്മ ഇന്നലെ മരിച്ചു.' ഞാനൊന്ന് പകച്ചു പോയി.അവളുടെ സങ്കടം കവിളിലൂടെ ഒലിച്ചിറങ്ങി ആശുപത്രിതറയെ മുത്തം വെച്ചു.ആ കുഞ്ഞു ഹൃദയം എത്ര നൊന്തിരിക്കും.ഞങ്ങൾക്കിടയിൽ നിശബ്ദത പെറ്റുപെരുകി. എത്ര നേരം ഞാനവളെ നോക്കി നിന്നെന്നറിയില്ല.അവസാനം അവളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെടുമ്പോൾ വാത്സല്യം തുളുമ്പുന്ന അവളുടെ മുഖവും ഒരു കുഞ്ഞിക്കാൽ കാണാൻ വകയില്ലാതെ വിഷമിക്കുന്ന ഭാര്യയുടെ മുഖവും എന്റെ മനസ്സിന്റെ രണ്ടു കോണ്കളിൽ മിന്നി മറയുന്നുണ്ടായിരുന്നു. ഒരു പുതു മുഹൂർത്തത്തിന് സാക്ഷ്യം കുറിക്കാൻ.