EmbeddedFont

ദാരിദ്ര്യം

  ഫീച്ചർമുഹമ്മദ്  ഷഫീഖ് ചാലിൽ



              ദാരിദ്ര്യം എന്താണെന്നു മലയാളിക്ക് അറിയില്ല. അവന്റെ കാഴ്ചപ്പാടിൽ മകളെ കെട്ടിക്കാൻ കാശ് തികയാത്തതാണു വലിയ ദാരിദ്ര്യം. ഐ ഫോൺ വാങ്ങാനും പുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ് മലയാളി യുവാക്കളുടെ കാഴ്ചയിൽ ഏറ്റവും വലിയ ദാരിദ്ര്യം. ദാരിദ്ര്യം കേട്ടറിവു മാത്രമേയുള്ളു.അവർക്കനുഭവ പാഠമില്ല..!

ദാരിദ്ര്യം എന്തെന്നു അറിയണമെങ്കിൽ,അതിന്റെ അവസ്ഥാവിശേഷങ്ങളെ ഗണിച്ചെടുക്കണമെങ്കിൽ
സുഡാനിലെയോ ഏത്യോപ്യയിലെയോ വർത്തമാന ചിത്രം വായിക്കേണ്ടതില്ല. ഒരു വട്ടം നമ്മുടെ ഇന്ത്യാ മഹാരാജ്യം ചുറ്റി സഞ്ചരിച്ചാൽ മാത്രം മതി. 

ദാരിദ്ര്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേർച്ചിത്രം ആ ഒരൊറ്റ കാഴ്ചയിൽ വരച്ചെടുക്കാൻ കഴിയും.ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍, തലചായ്ക്കാന്‍ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍, എഴുത്തും വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍, ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തവര്‍.. ഇതൊക്കെയാണ് മലയാളിക്ക് തീർത്തും അന്യമായ ദാരിദ്ര്യം...

ദാരിദ്ര്യം മൂലം കുടുംബം പോറ്റാന്‍ വഴിയില്ലാതെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത കുടുബനാഥയായ സ്ത്രീ, ഭാര്യക്ക്  മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ  സ്വന്തം കുഞ്ഞിനെ എഴുന്നൂറ് രൂപയ്ക്ക് വിറ്റ കുടുംബനാഥൻ..ആംബുലൻസിനു  കാശ് ഇല്ലാത്തതു കൊണ്ട് സ്വന്തം ഭാര്യയുടെ  മൃദ ദേഹം  ചുമന്നു  കൊണ്ട് പോകേണ്ടി വന്ന  ഭർത്താവ് ..ഇതാണു മലയാളിക്ക് കേട്ടുകേൾവിപോലുമില്ലാത്ത, ചിന്തിക്കാൻ പോലും കഴിയാത്ത ദാരിദ്ര്യം..!

 ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് കാണുക.
അവരുടെ ഭക്ഷണം,  അവരുടെ വസ്ത്രം,  അവരുടെ പാർപ്പിടം..മലയാളിയുടെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത ആ കാഴ്ച നമ്മുടെ ചിന്തകളെ മാറ്റിമറിച്ചേക്കാം. ഒരുവേള കണ്ണുകളെ ഈറനണിയിച്ചേക്കാം. പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.



 
ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ വർണ്ണശബളമായ പഞ്ചനക്ഷത്ര കാഴ്ചകൾക്കും ഒരു മറുകാഴ്ചയുണ്ട്.   ഒരുനേരത്തെ ഭക്ഷണം മാത്രം ലക്ഷ്യം വെച്ച് ഒരു ദിവസത്തെ ജീവിതം തുടങ്ങുന്ന ആയിരങ്ങളെ നേരിട്ട് കാണാം... ചൂടത്ത് പുകഞ്ഞൊലിച്ചും തണുപ്പത്ത് മരവിച്ചും മഴയത്ത് നനഞ്ഞും പാതയോരങ്ങളിലും പാലങ്ങൾക്കടിയിലും നരകിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരെ കാണാം.  ഒട്ടിയ വയറും മുഷിഞ്ഞ ഉടുപ്പും കുഴിഞ്ഞ കണ്ണുകളുമുള്ള കുഞ്ഞുങ്ങളെ കാണാം.  ചീറിപ്പായുന്ന ആഡംബര വാഹനങ്ങളുടെ ശബ്ദങ്ങളാൽ ആടിയുലയുന്ന കീറത്തുണി കൊണ്ട് കെട്ടിയ കുടിലുകൾ കാണാം. വാഹനങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങൾക്കിടയിലും കൂർക്കം വലിച്ചുറങ്ങുന്ന തെരുവിലെ കുഞ്ഞുങ്ങളെ കാണാം...ഇതാണു നമ്മുടെ രാജ്യം..!!

 സമ്പന്നൻ അതിസമ്പന്നൻ ആവുകയും ദരിദ്രൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ കഴിയാത്ത വിധം കൈകാലിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച.രാജ്യത്തിന്റെ എക്കണോമിയെ കുറിച്ചോ ജി.ഡി.പി വളർച്ചാ നിരക്കിനെ കുറിച്ചോ അവരോട് ചോദിക്കരുത്. അവർക്കറിയില്ല. രാജ്യം സാമ്പത്തിക പുരോഗതി നേടിയ കാര്യത്തെകുറിച്ചു പറഞ്ഞാൽ കറ നിറഞ്ഞ ദന്തനിരകൾ പുറത്ത് കാട്ടി ആ പട്ടിണിക്കോലങ്ങൾ ചിരിക്കും.
രാജ്യം സാമ്പത്തിക പുരോഗതി നേടിയ കാര്യത്തെകുറിച്ചു പറഞ്ഞാൽ കറ നിറഞ്ഞ ദന്തനിരകൾ പുറത്ത് കാട്ടി ആ പട്ടിണിക്കോലങ്ങൾ ചിരിക്കും.

ഡൈനിംഗ് ഹാളിലെ ഗ്ലാസ്സ് പതിച്ച നീണ്ടുപരന്ന മേശയിൽ നൂറുകൂട്ടം വിഭവങ്ങൾ നിരത്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന, മഞ്ഞ കല്യാണവും പച്ച കല്യാണവും നടത്തി സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന മലയാളിക്ക്  കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ഇലയിൽ നിന്നും അവശേഷിച്ച വറ്റെടുത്ത് ആർത്തിയോടെ വിഴുങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അറപ്പ് തോന്നും...

 സമൃദ്ധിയുടെ കൊട്ടാരത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ദാരിദ്ര്യത്തിന്റെ ജനിതക ഓര്‍മ്മകളെ കൊഞ്ഞനം കുത്തിയിരുന്ന , സഹോദരാ
തെരുവിലെ മുഷിഞ്ഞ തുണിക്കഷ്ണങ്ങൾ കൊണ്ട് വലിച്ചു കെട്ടിയ കുടിലുകൾ കാണുമ്പോൾ  നിനക്ക് ഓക്കാനം വന്നിരുന്നു അല്ലെ , എന്നാൽ നീ അറിഞ്ഞോെ, നീ  അറിയാത്ത  ദാരിദ്ര്യം നിന്റെ പടിവാതിൽക്കൽ എത്തി നോക്കുന്നു .


ജഗന്നിതാവായ  നാഥൻ ഇന്ന് വൈറസിന്റെ  രൂപത്തിൽ നമ്മെ പരീക്ഷിക്കുന്നു .
നമ്മുടെ ലോകം ഒരുപാട്  ചുരുങ്ങിയിരിക്കുന്നു..നമ്മുടെ ആവശ്യങ്ങളും കുറഞ്ഞിരിക്കുന്നു..
സ്വപ്നങ്ങളും മോഹങ്ങളും ധൂർത്തും ആർഭാടങ്ങളും ആർത്തിയും ഇല്ലാതായിരിക്കുന്നു..
അനാവശ്യ യാത്രകൾ , നിറഞ്ഞു കവിഞ്ഞിരുന്ന ടെക്സ്റ്റയിൽ ഷോറൂമുകൾ കല്യാണ മാമാങ്കങ്ങൾ, സത്ക്കാരങ്ങൾ, ആർഭാടങ്ങൾ , കുഴി മന്തി, ബ്രോസ്റ്റ്, കബ്സ.. ഒന്നും കാണാനില്ല
അതെ പഠിക്കാത്ത മനുഷ്യനെ പടച്ചവൻ പഠിപ്പിച്ചിരിക്കുന്നു .ഇതെല്ലാം ഇല്ലാതെ നിനക്ക് ജീവിക്കാൻ സാധിക്കും എന്ന് അവൻ കാണിച്ചു തന്നിരിക്കുന്നു

സ്രഷ്ടാവിന്റെ കല്പനകൾ പഠിക്കാതെ പാലിക്കാതെ അത് ധിക്കരിച്ചു ജീവിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത് ,അതിന്റെ ചെറിയൊരു താക്കീത് ആണ് ഈ സൂക്ഷ്മാണുവിലൂടെ ദൈവം നമുക്ക് പഠിപ്പിച്ചു തരുന്നത്.
ഇനിയും തന്നെ സൃഷ്ടിച്ചവനെ തിരിച്ചറിഞ്ഞില്ല എങ്കിൽ ഇതിലും വലിയ കടുത്ത പരീക്ഷണങ്ങൾക്ക്‌ കാത്തിരിക്കാം.പശ്ചാത്തപിച്ചു മടങ്ങാം , തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടു  നല്ല രീതിയിൽ ജീവിക്കാം ,ആശകൾക്കും  ആഗ്രഹങ്ങൾക്കും  അതിർ വരമ്പുകൾ  നിശ്ചയിക്കാം ,
പ്രതീക്ഷയുടെ പുത്തൻ നാളുകൾക്കായി ഒന്നിച്ചു  കൈ കൂപ്പാം ,പ്രാർത്ഥനയോടെ


മുഹമ്മദ്  ഷഫീഖ് ചാലിൽ➡️