കവിത|മിഖ്ദാദ് മാമ്പുഴ
നീ നുള്ളുമ്പോഴേക്ക്
ഞാൻ കുനിഞ്ഞു പോകുന്നത്
നിന്നെ ഭയന്നിട്ടില്ല,
അഹങ്കാരം മാത്രമുള്ള
നിന്റെ വരണ്ട
മനസ്സകത്ത്
വിനയവും മുളപ്പിക്കാനാണെന്ന്
തൊട്ടാവാടി
നീ തെളിക്കുന്ന
ഒരോ ജലകണത്തിൽ നിന്നും
ഞാൻ ഓടിയൊളിക്കുന്നത്,
വെറുപ്പിന്റെ ഒരഴുക്കും
എന്നിൽ
പുരണ്ടു പോകാതിരിക്കാനെന്ന്
ചേമ്പില
നീ കണ്ഠം പൊട്ടി
ഒച്ചയിടുന്നത്
അസഹ്യമാകുമ്പോഴാണ്
നിന്നിലെ കഫവും നീരുമെല്ലാം
ഞാൻ വലിച്ചെടുക്കുന്നതെന്ന്
തുളസി
നീ വീണുപോകുന്ന നേരത്ത്
പൊടിഞ്ഞിറങ്ങിയ ചോരയൊപ്പിയെടുത്ത്
നിന്നിൽ സാന്ത്വനം പകരുന്നത്
കമ്യൂണിസ്റ്റുകാരന് മുറിവുണക്കാനാകണമെന്ന്
പഠിപ്പിക്കാനാണെന്ന്
കമ്മ്യൂണിസ്റ്റ് പച്ച
നീ രുചിയോടെ
ഭക്ഷിക്കണം,
എന്റെ ചോരയും
നീരുമെടുത്ത ശേഷം
പുറത്തേക്കെറിഞ്ഞു
കളഞ്ഞിട്ടെങ്കിലുമെന്ന്
കറിവേപ്പ്
ബോട്ടണിയെന്ന
ഭൂഖണ്ഡത്തിനകത്ത്
കാടെന്ന ദ്വീപിൽ
സംഘടിപ്പിക്കപ്പെട്ട
സമ്മേളനത്തിൽ
ഇലകൾ
ഇന്നലെകളിലെ
ജീവിതങ്ങളുടെ
ചവർപ്പും മധുരവും
പറഞ്ഞു പിരിഞ്ഞു
അനന്തരം
ശിഖരങ്ങൾ മൊഴിഞ്ഞു,
കൊഴിഞ്ഞു തീരും മുമ്പ്
ഒരുപാട് ഓർമ്മപ്പെടുത്തലുകൾ
സമൂഹത്തിൽ
തുന്നിച്ചേർത്താണ്
ഓരോരോ ഇലകളും
ഞങ്ങളിൽ നിന്ന്
മനസ്സില്ലാ മനസ്സോടെ
മണ്ണിലേക്ക്
മടങ്ങിപ്പോകുന്നതെന്ന്..
0 Comments